പറവൂർ: മുത്തൂറ്റ് പാപ്പച്ചൻ ട്രോഫിക്കായുള്ള അഖില കേരള വോളിബോൾ ടൂർണമെന്റിൽ മുത്തൂറ്റ് വോളിബോൾ അക്കാദമിക്കും ഐപിഎം വടകരയ്ക്കും ഇരട്ട കിരീടം.
17, 19 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മുത്തൂറ്റ് വോളിബോൾ അക്കാദമിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഐപിഎം വടകരയും ജേതാക്കളായി.
അണ്ടർ 17 വിഭാഗം ആൺകുട്ടികളുടെ ഫൈനലിൽ സെന്റ് പീറ്റേഴ്സ് കോലഞ്ചേരിയെ പരാജയപ്പെടുത്തിയാണ് മുത്തൂറ്റ് വോളിബോൾ അക്കാദമി വിജയിച്ചത്. പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ഐപിഎം വടകര മുത്തൂറ്റ് വോളിബോൾ അക്കാദമിയെ പരാജയപ്പെടുത്തി.
അണ്ടർ 19 ആൺകുട്ടികളുടെ ഫൈനലിൽ തിരുവനതപുരം ജിവി രാജ സ്പോർട്സ് സ്കൂളിനെ മുത്തൂറ്റ് വോളിബോൾ അക്കാദമി പരാജയപ്പെടുത്തി. അണ്ടർ 19 വിഭാഗം പെൺകുട്ടികളുടെ ഫൈനലിൽ ഐപിഎം വടകര മുത്തൂറ്റ് വോളിബോൾ അക്കാദമിയെ പരാജയപ്പെടുത്തി ജേതാക്കളായി.
കൊട്ടുവള്ളിക്കാട് എച്ച്എംവൈ എച്ച്എസ്എസിൽ നടന്ന മത്സരങ്ങൾ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് മുൻ ഇന്ത്യൻ വോളിബോൾ താരങ്ങളായ പി.സി. ഗോപിദാസ്, ബി. അനിൽ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. ഏഷ്യൻ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച രാഹുൽ നായർ, ആദി കൃഷ്ണ എന്നിവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
മുത്തൂറ്റ് വോളിബോൾ അക്കാഡമി ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു, സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ടി.ആർ. ബിന്നി, മുൻ ഇന്ത്യൻ നേവി വോളിബോൾ താരം കെ.കെ. രതീഷ് തുടങ്ങിയവരും പങ്കെടുത്തു.